കോഴിക്കോട്: വർഗീയ തീവ്രവാദ പ്രസ്ഥാനങ്ങളെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് കേരളത്തിൽ സി.പി.എം എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീർ എം.എൽ.എ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ രാഷ്ട്രീയ പാഠശാലയായ സീതി സാഹിബ് അക്കാദമി ഫാക്കൽറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലാകാലങ്ങളിൽ, താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി ലീഗിനെതിരെ ഉയർന്നുവന്ന എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടിയാണ് പരിപോഷിപ്പിച്ചത്. വർഗീയ, തീവ്രവാദ സംഘടനകൾ പട്ടാപ്പകൽ പോരാടുമ്പോഴും ഇരുട്ടിൽ പരസ്പരം പാലൂട്ടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എം.സി. വടകര, പി.എ.റഷീദ്, ടി.പി.എം.ബഷീർ, മുഹമ്മദ് ഷാ, ഷരീഫ് സാഗർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, സെക്രട്ടറി ടി.പി.എം.ജിഷാൻ, ഷിബു മീരാൻ, എം.പി.നവാസ്, പി.എം.മുസ്തഫ തങ്ങൾ, നിസാർ പാഴേരി, പി.ബിജു തുടങ്ങിയവർ സംസാരിച്ചു.