തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് തീരുമാനം. കുടുംബശ്രീ വഴിയാകും ദേശീയപതാക നിർമ്മിക്കുക. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
പരമാവധി സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്തും. ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തണം. 13ന് പതാക ഉയർത്തി 15 വരെ നിലനിർത്താം. ഈ കാലയളവിൽ, രാത്രിയിൽ പതാക താഴ്ത്താതിരിക്കാൻ ഫ്ലാഗ് കോഡ് മാറ്റിയിട്ടുണ്ട്.
സ്കൂൾ വിദ്യാർഥികൾ വഴിയാണ് പ്രധാനമായും പതാകകൾ വിതരണം ചെയ്യുക. സ്കൂൾ കുട്ടികളില്ലാത്ത വീടുകളിൽ പതാക ഉയർത്താൻ ആവശ്യമായ ക്രമീകരണങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തണം. തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം വീടുകളുടെ എണ്ണം എടുത്ത് കുടുംബശ്രീക്ക് കൈമാറണം. കുടുംബശ്രീ പതാകകളുടെ നിർമ്മാണം ആരംഭിച്ചു. ഓഗസ്റ്റ് 12 നകം പതാകകൾ സ്കൂളുകളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. വീടുകൾ, പൊതുസ്ഥലങ്ങൾ, ഗ്രന്ഥശാലകൾ തുടങ്ങിയ സ്ഥലങ്ങളിൽ പതാക ഉയർത്തുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ലൈബ്രറികളിലും ക്ലബ്ബുകളിലും ആസൂത്രണം ചെയ്യണം.