കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം തുടരുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇത് സംബന്ധിച്ച് ഹെഡ്മാസ്റ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മുട്ട, മത്സ്യം, മാംസം എന്നിവ ഉൾപ്പെടുത്താൻ സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ലക്ഷദ്വീപിലെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ചിക്കനും ബീഫും ഉൾപ്പെടെയുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യം ചെയ്താണ് കവരത്തി സ്വദേശി അജ്മൽ അഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചത്. 2021 ജൂൺ 22 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരണമെന്ന് ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഭരണപരിഷ്കാരം സ്റ്റേ ചെയ്തുകൊണ്ടാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.