തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രൂവറി-ഡിസ്റ്റിലറി വിവാദത്തിൽ ഉൾപ്പെട്ട കമ്പനിക്ക് വീണ്ടും മദ്യം നിർമ്മിക്കാൻ അനുമതി നല്കാന് നീക്കം. ഇന്ത്യന്‍നിര്‍മിത വിദേശമദ്യം നിര്‍മിക്കുന്ന കോമ്പൗണ്ടിങ് ആന്‍ഡ് ബ്ലന്‍ഡിങ് യൂണിറ്റിനുവേണ്ടി എം.പി. ഹോള്‍ഡിങ്സ് നല്കിയ അപേക്ഷ വിശദറിപ്പോര്‍ട്ടിനുവേണ്ടി പാലക്കാട് ഡെപ്യൂട്ടി കമ്മീഷണർക്ക് കൈമാറിയിട്ടുണ്ടെന്ന് വിവരാവകാശനിയമപ്രകാരം എക്സൈസ് കമ്മീഷണറേററ് രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ തവണ ഇതേ ഉടമയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയുടെ പേരിലാണ് അപേക്ഷ നൽകിയത്. 2018ൽ, ബ്രൂവറി ആരംഭിക്കാൻ അവർക്ക് പ്രാഥമിക അനുമതി നൽകിയെങ്കിലും നടപടിക്രമങ്ങളിലെ പാളിച്ചകൾ കാരണം റദ്ദാക്കി. പാലക്കാട് എലപ്പുള്ളിയിൽ ബിയർ പ്ലാന്റ് (ബ്രൂവറി) സ്ഥാപിക്കുന്നതിനുള്ള അപേക്ഷ എക്സൈസ് കമ്മീഷണർക്ക് നൽകുന്നതിനുപകരം കമ്പനി ഉടമ നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.
പ്രതിവർഷം അഞ്ച് കോടി ലിറ്റർ ഭൂഗർഭജലം ആവശ്യമുള്ള പ്ലാന്റ് കാരണം ജലം ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ളത് പഠിക്കാതെയാണ് എക്സൈസ് വകുപ്പ് പ്ലാന്റ് ശുപാർശ ചെയ്തത്. ശ്രീചക്ര, പവർ ഇൻഫ്രാടെക് തുടങ്ങിയ പേപ്പർ കമ്പനികൾക്കും അനുമതി നൽകിയിട്ടുണ്ട്. മദ്യനയത്തിന് അനുകൂലമല്ലാത്തതും നടപടിക്രമങ്ങളിൽ ഏകീകരണം ഇല്ലാത്തതും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ബ്രൂവറി തുടങ്ങാൻ പവർ ഇൻഫ്രാടെക്കിന് കിൻഫ്ര ഭൂമി അനുവദിച്ചതും വിവാദമായിരുന്നു.