തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ജൂലൈ മാസത്തെ പെൻഷൻ കിട്ടാതെ കഷ്ടപ്പെടുന്നത് 41,000 ജീവനക്കാർ. സഹകരണ വകുപ്പുമായുള്ള ധാരണാപത്രം പുതുക്കാത്തതിനെ തുടർന്നാണ് ഇത്രയധികം പേരുടെ പെൻഷൻ മുടങ്ങിയത്. പെൻഷൻ ഉടൻ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കെ.എസ്.ആർ.ടി.സി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
അതേസമയം, ജൂൺ മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും ആദ്യം ശമ്പളം നൽകും. മുൻ മാസങ്ങളിലെ പോലെ ശമ്പള വിതരണം ഘട്ടം ഘട്ടമായി നടത്തും. സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചതോടെയാണ് ശമ്പളവിതരണത്തിന് വഴിയൊരുക്കിയത്. എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപ വേണം. ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന് നിലവിൽ മാനേജ്മെന്‍റിന് ഉത്തരമില്ല.