വയനാട്: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ എല്ലാ പന്നികളെയും കൊന്നൊടുക്കും. ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി രോഗത്തിന്‍റെ പ്രഭവകേന്ദ്രത്തിന്‍റെ 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയാക്കി. രോഗം വാഹകരാകാനുള്ള സാധ്യത കണക്കിലെടുത്ത് പന്നിഫാമുകളിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ല.
മാനന്തവാടി മുനിസിപ്പാലിറ്റിയിലെ വാർഡ് 33, തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് 15 എന്നിവിടങ്ങളിലെ പന്നിഫാമുകളിലാണ് രോഗം കണ്ടെത്തിയത്. ഈ ഫാമുകളിലൊന്നിലെ പന്നികൾ പൂർണ്ണമായും ചത്തു. തവിഞ്ഞാലിലെ ഫാമിൽ ചത്ത പന്നിയെ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. രോഗത്തിന്‍റെ പ്രഭവകേന്ദ്രത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും കൊന്നൊടുക്കും. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ 300 ഓളം പന്നികളുണ്ട്.
ഡോക്ടർമാരുടെ ഒരു പ്രത്യേക സംഘം പന്നികളെ കൊല്ലുകയും തുടർന്ന് ജനവാസമില്ലാത്ത പ്രദേശങ്ങളിൽ ആഴത്തിലുള്ള കുഴികൾ കുഴിച്ച് മൂടുകയോ കത്തിക്കുകയോ ചെയ്യും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്ന് പന്നികളെ കടത്തുന്നതിനും പന്നിയിറച്ചി വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനും കർശന നിരോധനമുണ്ട്. രോഗം മനുഷ്യരിലേക്ക് പകരില്ലെങ്കിലും, വൈറസിന്‍റെ വാഹകരാകാൻ സാധ്യതയുള്ളതിനാൽ പുറത്തുനിന്നുള്ളവരെ ഫാമിൽ പ്രവേശിക്കാൻ അനുവദിക്കില്ല.