വടകര: കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര എസ്.ഐ ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. വടകര എസ്.ഐ നിജേഷ്, എ.എസ്.ഐ അരുൺ, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡിഐജി രാഹുൽ നായരാണ് സസ്പെൻഷൻ ഉത്തരവിട്ടത്.
സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവത്തിൽ വടകര പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച സജീവന്‍റെ ബന്ധു രംഗത്തെത്തിയിരുന്നു. കാറപകടക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പൊലീസ് മർദ്ദിച്ചതായി ബന്ധു പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സജീവിന്‍റെ സുഹൃത്ത് ഇത് ചോദ്യം ചെയ്തെങ്കിലും ആക്രമണം അവസാനിപ്പിക്കാൻ പൊലീസ് തയ്യാറായില്ല. സജീവൻ നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും പൊലീസ് വൈദ്യസഹായം നൽകിയില്ലെന്ന് സജീവന്‍റെ ബന്ധു പറഞ്ഞു.
കാറപകടക്കേസിൽ കസ്റ്റഡിയിലെടുത്തയാളെ മർദ്ദിക്കുന്നത് കണ്ട് സുഹൃത്തുക്കൾ ചോദ്യം ചെയ്തപ്പോൾ പൊലീസ് ഇവരെയും മർദ്ദിച്ചു. സജീവനെയും സുഹൃത്തുക്കളെയും എസ്.ഐയും കോൺസ്റ്റബിളും ചേർന്ന് മർദ്ദിച്ചതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. മർദ്ദനമേറ്റപ്പോൾ സജീവേട്ടന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഇക്കാര്യം പൊലീസിനോട് പറഞ്ഞപ്പോൾ ഗ്യാസ് ആണെന്ന് പറഞ്ഞ് തളളിക്കളഞ്ഞു. സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ വാഹനം ഏർപ്പാടാക്കാനോ പൊലീസ് തയ്യാറായില്ല, ബന്ധു പറഞ്ഞു.