തിരുവനന്തരപുരം: വടകര എംഎൽഎ കെ കെ രമയ്ക്ക് വധഭീഷണി. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും കുറ്റപ്പെടുത്തി കൈയടി നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ സൂക്ഷിക്കുക, ഭരണം പോയാലും ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന് കത്തിൽ പറയുന്നു. പയ്യന്നൂർ സഖാക്കളുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് കത്ത് സഹിതം കെ കെ രമ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
നിയമസഭയില്‍, സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥ എന്ന വിമര്‍ശനമടക്കം മുഖ്യമന്ത്രിക്കെതിരേ ഉന്നയിക്കുകയും എം എം മണി കെ കെ രമയ്ക്ക് എതിരായി പ്രസ്താവന നടത്തുകയും അത് വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഭീഷണി. ഇന്നലെ എംഎൽഎ ഹോസ്റ്റലിൽ കെ കെ രമയ്ക്ക് വധഭീഷണി കത്ത് ലഭിച്ചു.
‘എംഎം മണി മാപ്പ് പറയണമെന്ന് പറയാൻ നാണമുണ്ടോ? ഒഞ്ചിയം രക്തസാക്ഷികളെ അൽപം ഓർത്തിരുന്നെങ്കിൽ കോൺഗ്രസുകാരുടെ വോട്ട് വാങ്ങി എംഎൽഎ ആകുമായിരുന്നോ? നിന്നെ രാജ്യദ്രോഹി എന്നല്ലാതെ മറ്റെന്താണ് വിളിക്കാനാവുക? വിഡി സതീശൻ, കെ മുരളീധരൻ, കെ സി വേണുഗോപാൽ എന്നിവർ സൂക്ഷിക്കുന്നത് നല്ലതാണ്, എന്നിങ്ങനെ ആണ് കത്തിൽ ഉള്ളത്.