ഇ.പി ജയരാജനെതിരെയുള്ള കേസ് ഉൾപ്പടെയുള്ള വിഷയങ്ങൾക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. വിമാനത്തിലെ പ്രതിഷേധത്തെ തുടർന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉയർന്നുവന്ന കേസുകളിൽ എന്ത് തുടർ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന കാര്യം യോഗം ചർച്ച ചെയ്യും. നേരത്തെയുള്ള രാഷ്ട്രീയ പ്രചാരണം ശക്തമാക്കാൻ സിപിഐഎം തീരുമാനിച്ചേക്കും. മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇ.ഡി നൽകിയ നോട്ടീസിൽ ഹാജരാകുന്ന കാര്യവും സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്യും.
ഇ.പി ജയരാജനെതിരെ വധശ്രമം, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് വലിയതുറ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. പ്രതിഷേധക്കാരെ വിമാനത്തിൽ തള്ളിയിട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാനും ഇ.പി ജയരാജനും പേഴ്സണൽ സ്റ്റാഫിനുമെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയിരുന്നു. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവരാണ് ഹർജി നൽകിയത്.
പ്രതിഷേധത്തിനിടെ ഇ.പി.ജയരാജൻ തങ്ങളെ മർദ്ദിച്ചതായി ഇവർ ഹർജിയിൽ പറഞ്ഞിരുന്നു. ഇ.പി.ജയരാജന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചെന്നും കഴുത്തില്‍ കുത്തിപ്പിടിച്ച് മുഖത്തടിച്ചു എന്നും തള്ളിയിട്ടു എന്നും ഹര്‍ജിയിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ ജീവനോടെ ഉണ്ടാകില്ലെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ‘പ്രതിഷേധം’ എന്ന മുദ്രാവാക്യം വിളിച്ചതിനാണ് ആക്രമണമെന്നും ഹർജിയിൽ പറയുന്നു.