ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവർ സന്ദർശിച്ചു. മുർമുവിന്റെ ഡൽഹിയിലെ വസതിയിലെത്തി തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ചു. പൂച്ചെണ്ട് സമ്മാനിച്ചാണ് മോദി മുർമുവിനെ അഭിനന്ദിച്ചത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ദ്രൗപദി മുർമുവിനെ പിന്തുണച്ച എല്ലാ എം.പിമാർക്കും എം.എൽ.എമാർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
മൂന്നാം ഘട്ട വോട്ടെണ്ണലിന് ശേഷം മുർമുവിന് 50 ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചതായി രാജ്യസഭാ സെക്രട്ടറി പി .സി മോദി പറഞ്ഞു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അതേസമയം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബിജെപി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. മുർമുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള ബാനറുകളും പോസ്റ്ററുകളും വിവിധ സ്ഥലങ്ങളിൽ ഉയർന്നിട്ടുണ്ട്.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന യശ്വന്ത് സിൻഹ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബി.എസ്.പി അദ്ധ്യക്ഷ മായാവതി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയവർ മുർമുവിനെ അഭിനന്ദിച്ചിരുന്നു.