Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മിക്സഡ് സ്കൂളുകൾ മാത്രമേ അനുവദിക്കൂ എന്ന് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. 2023-24 അധ്യയന വർഷം മുതൽ സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർക്ക് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം സ്വീകരിച്ച നടപടികളെക്കുറിച്ച് കമ്മീഷൻ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

2023-24 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ആൺ സ്കൂളുകളും പെൺ സ്കൂളുകളും ഇല്ലാതാക്കുന്നതിനും എല്ലാ സ്കൂളുകളിലും സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിനുമായി ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കുമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിൽ അറിയിച്ചു.

പ്രസ്തുത സ്കൂളുകളിലെ ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിന് മുമ്പ് സഹവിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയെക്കുറിച്ച് രക്ഷിതാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

By newsten