ന്യൂഡല്‍ഹി: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കില്ല. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധന്‍ഖറിന് വോട്ട് ചെയ്യുന്ന കാര്യത്തിൽ ചർച്ചയുടെ ആവശ്യമില്ലെന്നും അത് ഒരിക്കലും സംഭവിക്കില്ലെന്നും തൃണമൂൽ എംപി അഭിഷേക് ബാനർജി പറഞ്ഞു. പ്രതിപക്ഷ സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ പാർട്ടിയുമായി കൂടിയാലോചിച്ചില്ല. പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്ന് അഭിഷേക് ബാനർജി പറഞ്ഞു.
മമതാ ബാനർജിയുടെ പാർട്ടി തീരുമാനം പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്. പാര്‍ലമെന്റ് അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തുക. രാജ്യസഭയിലും ലോക്സഭയിലും തൃണമൂൽ കോൺഗ്രസിന് 35 അംഗങ്ങളാണുള്ളത്. വിജയപ്രതീക്ഷ തീരെയില്ലാത്ത പ്രതിപക്ഷത്തിന് തിരിച്ചടിയുടെ ആഘാതം ഇരട്ടിയാക്കുമെന്ന് മമതയുടെ പുതിയ തീരുമാനത്തിലൂടെ ഉറപ്പാണ്.
ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗദീപ് ധന്‍ഖർ ആണ് ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മമത ബാനർജി സർക്കാർ ജഗ്ദീപ് ധൻഖറുമായി എല്ലായ്പ്പോഴും തർക്കത്തിലാണ്. ബംഗാളിൽ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം ദേശീയ മാധ്യമങ്ങളിൽ സ്ഥിരം ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ തൃണമൂൽ കോൺഗ്രസ് ഒരിക്കലും ബിജെപി നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ലെന്ന് ഉറപ്പാണ്. അതേസമയം, തൃണമൂൽ എംപിമാർ പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്ന് പാർട്ടി നേതൃത്വം ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.