തിരുവനന്തപുരം: സംഘടനാ മര്യാദ ലംഘിച്ചതിന് അച്ചടക്ക നടപടിക്ക് വിധേയനായതിന് പിന്നാലെ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ. ‘കലികാലം’ എന്നാണ് നുസൂർ ഫേസ്ബുക്കിൽ കുറിച്ചത്. മാധ്യമങ്ങളിലൂടെയാണ് അച്ചടക്ക നടപടി കണ്ടത്. നടപടിയെ സ്വാഗതം ചെയ്യുന്നു. നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും നുസൂർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമാരായ എസ് എം ബാലു, എൻ എസ് നുസൂർ എന്നിവരെയാണ് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്പെൻഡ് ചെയ്തത്. പാലക്കാട് ചിന്തൻ ക്യാമ്പിൽ സംസ്ഥാന ഭാരവാഹിയോട് അപമര്യാദയായി പെരുമാറിയ സംഭവം വിവാദമാക്കിയതിൽ ഇരുവർക്കുമെതിരെ ദേശീയ കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥൻ നടത്തിയ ചാറ്റ് പുറത്തുവിട്ട സംഭവത്തിൽ ഇവർക്കു പങ്കുള്ളതായി സംസ്ഥാന നേതൃത്വം ദേശീയ കമ്മിറ്റിയെ അറിയിക്കുകയും ചെയ്തിരുന്നു.