തിരുവനന്തപുരം: വിമാനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് കേസെടുക്കാനുള്ള കോടതി നിർദേശം തിരിച്ചടിയാണെന്നത് തെറ്റായ വ്യാഖ്യാനമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഒരു കേസ് കോടതിയുടെ മുന്നിലെത്തിയപ്പോൾ അതിന്റെ നടപടി ക്രമം മാത്രമാണുണ്ടായത്. അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ട്. എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുന്നുണ്ടെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പ്രവർത്തകർ നിരാശരായി നടക്കുകയാണ്. അവർ കോടതിയിൽ പോകും, ഗുണ്ടകളെ അയക്കും, ആക്രമിക്കും. അതും അതിന്റെ ഭാഗമാണ്. ടിക്കറ്റ് എടുത്ത് ആക്രമിക്കാൻ വന്നവർ പത്ത് ദിവസം ജയിലിൽ കിടന്നില്ലേ? അത് നടപടിക്രമത്തിന്റെ ഭാഗമാണ്. എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നവർ എനിക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിൽ അതിശയിക്കാനില്ല. പരാതി ലഭിച്ചാൽ കേസെടുക്കാൻ ഏത് കോടതിയും നിർദ്ദേശിക്കുമെന്നും ജയരാജൻ പറഞ്ഞു.
“എനിക്കുള്ള വിലക്ക് എയർലൈനിന്റെ ഗുണനിലവാരത്തകർച്ചയെ തുറന്നുകാട്ടുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. ശരിയേ ചെയ്യാറുള്ളു. അത് ഏത് കോടതിയായാലും പ്രശ്നമല്ല. പോലീസ് സമഗ്രമായ അന്വേഷണം നടത്തി വരികയാണ്. എല്ലാ വിശദാംശങ്ങളും ലഭിച്ച ശേഷം പൊലീസ് വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞു.