ലണ്ടൻ: യൂറോപ്പിനൊപ്പം ഉഷ്ണതരംഗത്തിന് പിടിയിലായ ബ്രിട്ടൻ കടുത്ത ചൂടിൽ റെക്കോർഡ് സ്ഥാപിച്ചു. ലണ്ടനിലെ ഹീത്രോയിൽ ഇന്നലെ ഉച്ചയ്ക്ക് 12.50ന് 40.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2019 ജൂലൈയിൽ കേംബ്രിഡ്ജിൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെൽഷ്യസാണ് ഇതിന് മുമ്പുള്ള റെക്കോർഡ്. താപനില ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ബ്രിട്ടനിലെ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. താപനില 40 ഡിഗ്രി സെൽഷ്യസിൻ മുകളിൽ ഉയർന്നതിനെ തുടർന്നാണ് യുഎൻ ഏജൻസി മുന്നറിയിപ്പ് നൽകിയത്.
ഇന്നലെ നഗരത്തിന്റെ പല ഭാഗങ്ങളിലും തീപിടുത്തമുണ്ടായതായി ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. നിലവിൽ സ്ഥിതി ഗുരുതരമാണെന്ന് മേയർ പറഞ്ഞു. വെനിങ്ടൻ, ക്രോയ്ഡൻ, അപ്മിൻസ്റ്റർ, സൗത്ത്ഗേറ്റ്, ഗ്രീൻ ലെയ്ൻസ് എന്നിവിടങ്ങളിലെ വീടുകൾ, പുൽത്തകിടികൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലാണ് തീപിടുത്തമുണ്ടായത്. പുറത്തും ബാൽക്കണികളിലും ബാർബിക്യൂ ഒഴിവാക്കണമെന്നും കുപ്പികളും ഗ്ലാസ് കഷണങ്ങളും പുല്ലിൽ ഉപേക്ഷിക്കരുതെന്നും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു. പലയിടത്തും ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം പ്രതിഭാസങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇത്ര ഉയർന്ന താപനില ഓരോ 3 വർഷത്തിലും ആവർത്തിക്കാൻ സാധ്യതയുണ്ട്.
പടിഞ്ഞാറൻ യൂറോപ്പിൽ താപനില വർദ്ധിക്കുന്നതിനനുസരിച്ച് കാട്ടുതീയും പടരുകയാണ്. ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ, ഗ്രീസ് എന്നിവിടങ്ങളിൽ കാട്ടുതീ മൂലം 30,000 ലധികം ആളുകൾ പലായനം ചെയ്തു. വടക്കുപടിഞ്ഞാറൻ സ്പെയിനിലും വടക്കൻ പോർച്ചുഗലിലും രണ്ട് പേർ വീതം മരിച്ചു. ബ്രിട്ടൻ പുറമെ സ്പെയിനിലും ഫ്രാൻസിലും താപനില ഉയർന്നിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.