Spread the love

സംസ്ഥാനത്തെ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീസൗഹൃദമായി മാറുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വനിതാ തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടി നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നത്. തൽഫലമായി, തൊഴിലിടങ്ങൾ കൂടുതൽ കൂടുതൽ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിലെ വകുപ്പിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പുസ്തകം നിയമസഭാ മീഡിയ റൂമിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന അക്രമവും വിവേചനവും പോലുള്ള ഏത് പ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ തുടങ്ങിയ സഹജ കോൾ സെന്‍റർ സംവിധാനമാണ് ഇവയിൽ ഏറ്റവും പുതിയത്. എല്ലാ തൊഴിൽ മേഖലകളിലും തൊഴിൽ വകുപ്പിന്‍റെ സജീവ പങ്കാളിത്തമുണ്ടെന്നും വികസന സൗഹൃദ തൊഴിൽ സംസ്കാരം എന്ന ആശയം തൊഴിലാളികളും തൊഴിലുടമകളും ഒരുപോലെ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 ൽ നിന്നും 60 വയസായി വർധിപ്പിച്ചതും ചുമട് ഭാരം 75 കിലോയിൽ നിന്നും 55 ആക്കി കുറച്ചതും തൊഴിലാളിപക്ഷ സമീപന നിലപാടുകളുടെ ഭാഗമാണ്. സ്ത്രീകൾക്കും കൗമാരക്കാർക്കും വഹിക്കാൻ കഴിയുന്ന പരമാവധി ഭാരം 35 കിലോഗ്രാമാക്കി.

ഇന്ന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്ന അസംഘടിത ഗാർഹിക തൊഴിലാളി മേഖലയുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു.

By newsten