തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ വാട്സ്ആപ്പ് ചാറ്റ് തെളിവല്ലെന്ന് കോടതി. കേസിൽ തെളിവിലേയ്ക്കായി ഒന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. ശബരീനാഥിന്‍റെ ജാമ്യ ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.
വാട്ട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ട് ശബരീനാഥിനെതിരായ കേസിൽ തെളിവായി കണക്കാക്കാനാകില്ല. മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഡാലോചനയായി ഈ ചാറ്റിനെ കണക്കാക്കാനാവില്ല. ഇത് ഒരു പ്രതിഷേധ ആഹ്വാനം മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, കോടതി ചില ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തു കഴിഞ്ഞു. മാത്രമല്ല, മൂന്നാം പ്രതി നേരത്തെ തന്‍റെ ഫോൺ പൊലീസിന് കൈമാറിയിരുന്നു. ഇത്രയും കാലം കഴിഞ്ഞിട്ടും ഒരു തെളിവ് പോലും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ്, നാലാം പ്രതി ശബരീനാഥിനെ ഒരു ദിവസം മുഴുവൻ പൊലീസ് കസ്റ്റഡിയിൽ വെച്ചത്. ആ സമയത്തൊന്നും ഫോൺ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.