Spread the love

കൊച്ചി : ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാലക്കാടും തിരുവനന്തപുരത്തും പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം

തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്ന അന്വേഷണ സംഘത്തിന്‍റെ വാദം കണക്കിലെടുത്താണ് നടപടി. അന്വേഷണ സംഘം പിന്നീട് കൂടുതൽ വകുപ്പുകൾ ചേർത്തതായി സ്വപ്ന കോടതിയെ അറിയിച്ചു. എന്നാൽ പൊലീസിന് അതിനുള്ള അധികാരമുണ്ടെന്നും ഈ അധികാരം തടയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കെ ടി ജലീലിന്‍റെ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. ഗൂഡാലോചന കേസിൽ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ക്രിമിനൽ ഗൂഡാലോചനയുണ്ട്. അന്വേഷണത്തിൽ ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചു. കോടതിയിൽ നൽകിയ രഹസ്യമൊഴിയല്ല ഗൂഡാലോചന കേസിന്‍റെ അടിസ്ഥാനമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

By newsten