തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് എതിർക്കുന്നവരെയെല്ലാം കള്ളക്കേസുകളിൽ കുടുക്കുന്ന ഭരണകൂട ഭീകരതയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ഒരു മുഖ്യമന്ത്രി ഒരിക്കലും ഇടപെടാൻ പാടില്ലാത്ത കള്ളക്കടത്ത് കേസിൽ കുടുങ്ങിയ പിണറായി വിജയൻ അത് കേരളത്തിലെ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ കളിക്കുന്ന തട്ടിപ്പുകളുടെ അവസാന ശ്രമമാണ് ശബരീനാഥിന്‍റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സുധാകരന്റെ പരാമർശം.