തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ സിപിഎം കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു. വഞ്ചിയൂർ കോടതി വളപ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശബരീനാഥന് അനുകൂലമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളിച്ചതോടെ കൂടുതൽ പോലീസുകാരെ കോടതി വളപ്പിൽ വിന്യസിച്ചു.
ജാമ്യം ലഭിച്ച കെ എസ് ശബരീനാഥനെ സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ഷാഫി പറമ്പിൽ അടക്കമുള്ളവർ എത്തിയിരുന്നു.
നേരത്തെ,ശബരീനാഥനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം തള്ളി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം. ആവശ്യാനുസരണം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനാണ് കോടതി നിർദേശം. ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ മൊബൈൽ ഫോൺ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.