തിരുവനന്തപുരം: വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണാക്കാനുള്ള 2019 ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സുപ്രീം കോടതി വിധിയും ബഫർ സോൺ നിർദേശങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ജനവാസ മേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഇത് സഭയുടെ പൊതുവികാരമായി കണക്കാക്കുമെന്ന് വനംമന്ത്രി ഉറപ്പുനൽകി.
സംസ്ഥാനത്തെ മലയോര മേഖലകളിലെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന നിർദേശവുമായി കോടതിയെ സമീപിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. 2018ലെ പ്രളയത്തിന് ശേഷം ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖലയാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി അദ്ദേഹം ഓർമിപ്പിച്ചു.