കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു മാറ്റിയത് പ്രാകൃത നടപടിയാണെന്ന് കെ കെ ശൈലജ എം എൽ എ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ഭാഗത്തുനിന്നുള്ള ഈ നടപടി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് മാനസിക വിഷമമുണ്ടാക്കിയത് എത്രത്തോളമാണെന്ന് അവരുടെ രക്ഷിതാക്കളുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാമെന്നും ശൈലജ പറഞ്ഞു.
കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാവണമെന്നും ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ചുമാറ്റിയതിന് ഏജൻസിയിലെ ജീവനക്കാർക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നടത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണെന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി പറഞ്ഞു.