തിരുവനന്തപുരം: എം.എം.മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ച് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസിനെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അതുതന്നയല്ലേ അദ്ദേഹത്തിന്‍റെ മുഖം, ഒറിജിനലല്ലാതെ മറ്റെന്തെങ്കിലും കാണിക്കാനാകുമോയെന്ന് സുധാകരൻ ചോദിച്ചു.
കെ.കെ രമയ്ക്കെതിരായ മണിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിന്‍റെ കട്ടൗട്ട് വിവാദമായിരുന്നു. മണിയെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തെ തുടർന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകർ കട്ടൗട്ട് മറച്ചുവച്ചിരുന്നു. ചിമ്പാൻസിയുടെ ഉടലും മണിയുടെ തലയും പതിച്ച കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസ് മാർച്ച് നടത്തിയത്.
മണി അങ്ങനെ ആയതിന് തങ്ങളെന്ത് പിഴച്ചുവെന്നായിരുന്നു തന്നോട് പ്രതികരണം ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് സുധാകരൻ പറഞ്ഞത്. സ്രഷ്ടാവിനോടു പറയുകയല്ലാതെ എന്തു ചെയ്യാൻ കഴിയും. സംഭവത്തിൽ മഹിളാ കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ മാന്യതയാണ്. മണിക്ക് അങ്ങനെയൊന്നുമില്ലല്ലോയെന്നും സുധാകരൻ പറഞ്ഞു.