Spread the love

തമിഴ്നാട് : തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന കുടുംബത്തിന്‍റെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. വിദഗ്ധരുടെ സാന്നിധ്യത്തിൽ ഉടൻ റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും മൃതദേഹം സംസ്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി സതീഷ് കുമാർ സ്കൂൾ ക്യാമ്പസിൽ നടന്ന പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ചു. ചിന്നസേലത്ത് നടന്നത് ആസൂത്രിതമായ പ്രതിഷേധമായിരുന്നെന്നും കോടതി പറഞ്ഞു.

കള്ളക്കുറിച്ചിയിൽ നടന്ന പ്രതിഷേധത്തിൽ ഇന്നലെ അറസ്റ്റിലായ 325 പ്രതികളെ ജില്ലാ കോടതിയിൽ പൊലീസ് ഹാജരാക്കി. അതേസമയം, സ്കൂളിന്‍റെ സുരക്ഷ പോലീസ് വീണ്ടും വർധിപ്പിച്ചു. നിലവിൽ 1500 പോലീസുകാരാണ് കള്ളക്കുറിച്ചിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, സ്കൂളിലെ മറ്റൊരു അധ്യാപകനെയും തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി സംഘം അറസ്റ്റ് ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശിവശങ്കർ, അധ്യാപിക ശാന്തി, സ്കൂൾ സെക്രട്ടറി കൃതിക, മാനേജ്മെന്‍റ് പ്രതിനിധി രവികുമാർ എന്നിവരാണ് അറസ്റ്റിലായത്.

By newsten