കോഴിക്കോട്: പാർട്ടിയുടെ ഔദ്യോഗിക പദവികളിൽ നിന്ന് നീക്കം ചെയ്ത വിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. പാർട്ടിയുടെ അന്തസ്സ് നിലനിർത്താൻ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ട്. പാർട്ടി എന്നോട് വിശദീകരണം തേടിയിട്ടില്ല. ഇക്കാര്യത്തിൽ പരാതിയില്ലെന്നും ഹംസ പറഞ്ഞു.
ഇന്നലെ കൊച്ചിയിൽ ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് ഹംസയെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തത്. നിരന്തരമായ അച്ചടക്ക ലംഘനം നടക്കുന്നുവെന്നാരോപിച്ച് പാർട്ടി മുഖപത്രമായ ചന്ദ്രികയിലൂടെയാണ് മുസ്ലിം ലീഗ് ഹംസയ്ക്കെതിരെ നടപടി പ്രഖ്യാപിച്ചത്.
“എനിക്ക് ആകെ അറിയാവുന്നത് മാധ്യമങ്ങളിലൂടെ വന്ന വാർത്തകൾ മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ഒരു വിശദീകരണമോ മറ്റെന്തെങ്കിലുമോ ചോദിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ പാർട്ടി തളർന്നുപോകരുത്. അതിനാവശ്യമായ നിലപാടുകൾ മാത്രമേ സ്വീകരിക്കൂ. പാർട്ടിയുടെ മഹത്വത്തിനായി ഞാൻ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ട്. പാർട്ടിയുടെ അന്തസ്സ് നിലനിർത്താൻ ഞാൻ എല്ലായിടത്തും സംസാരിച്ചിട്ടുണ്ട്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു,” ഹംസ പറഞ്ഞു.