വെമ്പായം: ചെവി വേദനയ്ക്ക് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി. ഇ എൻ.ടി.വകുപ്പിൽ ചികിത്സ തേടിയ വെമ്പായം സ്വദേശി രാജേന്ദ്രനാണ് (53) വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും രാജേന്ദ്രൻ ആരോപിച്ചു. ചെവി വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് രാജേന്ദ്രനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചെവിക്കുള്ളിൽ മരുന്ന് വയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് മരുന്ന് പായ്ക്ക് വെച്ച് വീട്ടിലേക്ക് മടങ്ങി. എന്നാൽ, ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ കാഴ്ച കുറയുകയും പല്ലുവേദന ഉണ്ടാകുകയും ചെയ്തു. കൺ പോളകൾ അടഞ്ഞപ്പോൾ അയാൾ വീണ്ടും ആശുപത്രിയെ സമീപിച്ചു.എം.ആര്.ഐ. സ്കാനില്‍ ചെവിക്കുള്ളില്‍ നിക്ഷേപിച്ച മരുന്നുപായ്ക്കും കണ്ണിലേക്കുള്ള ഞരമ്പും തമ്മില്‍ ഞെരുങ്ങിയിരിക്കുകയാണെന്ന് കണ്ടെത്തി. ഇയർപാക്ക് നീക്കം ചെയ്തു. പിന്നീട് പലതവണ ആശുപത്രി സന്ദർശിച്ചിട്ടും തുടർചികിത്സ ഒരുക്കിയില്ലെന്നാണ് ആക്ഷേപം.