Spread the love

തിരുവനന്തപുരം: കെ.കെ.രമ എം.എൽ.എയ്ക്കെതിരെ നിയമസഭയിൽ എം.എം.മണി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് സി.എം.പി തിരുവനന്തപുരം ജില്ലാ കൗൺസിൽ ഇന്ന് ബഹുജന പ്രതിഷേധ യോഗം ചേരും. വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പ്രതിഷേധയോഗം സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ ഉദ്ഘാടനം ചെയ്യും.കെ.കെ രമ എം.എൽ.എ പങ്കെടുക്കുമെന്ന് സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ മനോജ് അറിയിച്ചു.

എം.എം.മണിയുടെ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കെ കെ രമയ്ക്കെതിരായ പരാമർശം നിയമസഭയിലാണ് വന്നത്. അത് പരിശോധിക്കേണ്ടത് നിയമസഭാ സ്പീക്കറാണ്. സ്പീക്കറുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ആനി രാജയെ എംഎം മണി അപമാനിച്ച സംഭവത്തിൽ കാനം പ്രതികരിച്ചില്ല.

എം എം മണിയുടെ വിവാദ പരാമർശത്തോട് പ്രതികരിക്കാത്തതിൽ കാനം രാജേന്ദ്രനെതിരെ പരാതിയില്ലെന്ന് ആനി രാജ പറഞ്ഞു. വ്യക്തിപരമായ വിമർശനങ്ങൾക്ക് എതിരെയല്ല, മറിച്ച് സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തിയതിന് ഒരു സംഘടനാ നേതാവ് എന്ന നിലയിലാണ് തന്‍റെ പ്രതികരണമെന്നും അവർ വ്യക്തമാക്കി.

By newsten