തിരുവനന്തപുരം: പ്ലസ് വൺ അപേക്ഷാ തീയതി നീട്ടാൻ സാധ്യത. പ്ലസ് വൺ അപേക്ഷാ തീയതി നീട്ടുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അവസരം നൽകാനാണ് തീരുമാനം. എങ്ങനെ അപേക്ഷിക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ഉദ്യോഗസ്ഥതല ചർച്ച നാളെ നടക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു അലോട്ട്മെന്റ് കൂടി നടത്താന്‍ ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രതക്കുറവാണെന്നും വി.ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
അതേസമയം, പ്ലസ് വൺ പ്രവേശനത്തിൽ എയ്ഡഡ് സ്കൂളുകൾക്ക് കനത്ത തിരിച്ചടി. സമുദായം നിർവചിക്കാത്ത എയ്ഡഡ് സ്കൂളുകൾക്ക് കമ്മ്യൂണിറ്റി ക്വാട്ട അനുവദിക്കില്ല. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. 10 ശതമാനം കമ്മ്യൂണിറ്റി സീറ്റുകൾ വെട്ടിക്കുറച്ചു. 20 ശതമാനം മാനേജ്മെന്റ് ക്വാട്ട മാത്രമേ അനുവദിക്കൂ. കമ്മ്യൂണിറ്റി സീറ്റുകൾ പൊതു മെറിറ്റ് സീറ്റുകളാക്കി മാറ്റാനും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടു.