തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ വൻ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉണ്ടായ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു. നിരവധി പേർക്ക് പരിക്കേറ്റു. 30 ലധികം ബസുകൾ തകർക്കുകയും നിരവധി ബസുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
കള്ളക്കുറിച്ചി മെട്രിക് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. രണ്ട് അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പെൺകുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ബുധനാഴ്ച പുലർച്ചെയാണ് സ്കൂൾ ഹോസ്റ്റലിൽ സ്കൂൾ കാവൽക്കാരൻ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ കുറിപ്പിലെ ആരോപണങ്ങൾ ആരോപണവിധേയരായ അധ്യാപകർ തള്ളി. സാധാരണ കുട്ടികളോട് പറയുന്ന രീതിയിൽ പഠിക്കാൻ മാത്രമാണ് പറഞ്ഞത്. കുട്ടിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപകർ പറഞ്ഞു.