തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ എം.എൽ.എ സജി ചെറിയാൻ വിവാദ പരാമർശം നടത്തിയ കേസിൽ പൊലീസ് തുടർനടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സി.പി.എം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ഉൾപ്പെടെ 10 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഭരണഘടനയ്ക്ക് വിരുദ്ധമായി നടത്തിയ പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും സൂക്ഷിച്ചിട്ടില്ലെന്ന് സംഘാടകർ വ്യക്തമാക്കി. അതേസമയം, ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്ത വീഡിയോ വീണ്ടെടുക്കാൻ പൊലീസ് സൈബർ ഫോറൻസിക് വിഭാഗത്തെ സമീപിക്കും.
മല്ലപ്പള്ളി ഏരിയാ സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ ബിനു വർഗീസ്, കൺവീനർ കെ. രമേശ് ചന്ദ്രൻ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതേസമയം, സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ 20 പേർക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നു.