പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിനും കേസിലെ സാക്ഷികൾക്കും പൊലീസ് സുരക്ഷയൊരുക്കുന്നു. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും ജീവൻ ഭീഷണിയുണ്ടെന്ന് കാണിച്ച് നൽകിയ പരാതി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച ശേഷമാണ് തീരുമാനം. കൂറുമാറിയ സാക്ഷികൾക്കെതിരെയും നിയമനടപടി സ്വീകരിക്കും.
ജില്ലാ ജഡ്ജി ബി കലാം പാഷ, പോലീസ് മേധാവി ആർ വിശ്വനാഥ്, പബ്ലിക് പ്രോസിക്യൂട്ടർ പി അനിൽ എന്നിവർ വീഡിയോ കോണ്‍ഫറന്‍സ് വഴി മധുവിന്റെ കുടുംബവുമായി ആശയവിനിമയം നടത്തി. ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ സ്വാധീനത്തിലൂടെയും കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് മധുവിന്റെ കുടുംബം ആരോപിച്ചു. സാക്ഷികളെ പിന്തിരിപ്പിക്കാൻ നിരന്തരം ശ്രമങ്ങൾ നടന്നു. മധുവിന്റെ ബന്ധു ഉൾപ്പെടെ 11, 12 സാക്ഷികൾ കൂറുമാറി.
ഇത് കേസിനെ സാരമായി ബാധിക്കുമെന്ന് കണ്ട കുടുംബം അന്നത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു. തുടർന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു. കൂടുതൽ സാക്ഷികൾ കൂറുമാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതി നിരീക്ഷിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് സാക്ഷികൾക്കും സുരക്ഷയൊരുക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.