ജിദ്ദ: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ സൗദി അറേബ്യയും അമേരിക്കയും തമ്മിൽ ധാരണയായി. സൈബർ സുരക്ഷ, ബഹിരാകാശ പര്യവേക്ഷണം, പൊതുജനാരോഗ്യം,5ജി നെറ്റ്വർക്കുകൾ തുടങ്ങി 18 മേഖലകളിൽ സഹകരിക്കും. ബഹിരാകാശ പര്യവേഷണ ഉടമ്പടിയായ നാസയുടെ നേതൃത്വത്തിലുള്ള ആർട്ടെമിസ് ഉടമ്പടിയിൽ സൗദി അറേബ്യ പുതുതായി ഒപ്പുവച്ചതിനെ ബൈഡൻ സ്വാഗതം ചെയ്തു.
ജിദ്ദയിൽ സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ബൈഡൻ ചർച്ച നടത്തിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ, സുസ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് സന്തുലിതമായ ആഗോള എണ്ണ വിപണിയെ പിന്തുണയ്ക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയും അമേരിക്ക സ്വാഗതം ചെയ്തു.
യമനിലെ യുഎൻ വെടിനിർത്തൽ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ രാജ്യം വഹിച്ച പങ്കിനെ യുഎസ് പ്രസിഡന്റ് അഭിനന്ദിച്ചു. സമാധാനപരവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും, മേഖലയിലെ ഏറ്റവും ആവശ്യമുള്ള രാജ്യങ്ങൾക്ക് സാമ്പത്തിക പിന്തുണയിലൂടെ മാനുഷിക പ്രതിസന്ധികൾ ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷവും പരിശോധിച്ചു. ഹ്രസ്വകാലത്തും ദീർഘകാലാടിസ്ഥാനത്തിലും ആഗോള ഊർജ്ജ വിപണികളുമായി നിരന്തരം കൂടിയാലോചിക്കാനും കാലാവസ്ഥയിലും ഊർജ്ജ പരിവർത്തനത്തിലും തന്ത്രപരമായ പങ്കാളികളായി ഒരുമിച്ച് പ്രവർത്തിക്കാനും ഇരു രാജ്യങ്ങളും ധാരണയായി.