ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുറക്കുന്ന ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് ഹൈവേയുടെ ചിത്രങ്ങൾ ആരെയും ആകർഷിക്കും. ലോകത്തെ മറ്റേതൊരു റോഡുമായും താരതമ്യപ്പെടുത്താവുന്ന ഈ എക്സ്പ്രസ് വേയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്ന റോഡ് തുറക്കുന്നതോടെ ഡൽഹിക്കും ചിത്രകൂടിനും ഇടയിലുള്ള യാത്രാ സമയം 14 മണിക്കൂറിൽ നിന്ന് 8 മണിക്കൂറായി കുറയും. ചിത്രകൂടിലെ ഭരത്കുപ്പിൽ നിന്ന് ആരംഭിക്കുന്ന ഈ പാത ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയിലെ ഇറ്റാവയിൽ സംഗമിക്കും. ഇറ്റാവ, ഔറയ്യ, ജലൗൻ , ഹാമിർ പൂർ , മഹോബ, ബന്ദ, ചിത്രകൂട് എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. ഈ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയെ ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേ, യമുന എക്സ്പ്രസ് വേ എന്നിവ വഴി ഡല്‍ഹി എന്‍സിആറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഈ പാത ഈ മേഖലയിലെ വന്‍ തോതിലുള്ള വികസനത്തിനും കാരണമാകും. ഉത്തർ പ്രദേശിലെ പ്രതിരോധ ഇടനാഴി പദ്ധതിയുടെ വിജയത്തിനും ഈ പാത നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർത്ഥമാണ് എക്സ്പ്രസ് വേയുടെ പേര് അടൽ പാത എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. 14 പ്രധാന പാലങ്ങൾ, 268 ചെറിയ പാലങ്ങൾ, 18 മേൽപ്പാലങ്ങൾ, 6 ടോൾ പാസുകൾ, 7 റാംപ് പ്ലാസകൾ, 214 അണ്ടർപാസുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പാത.