കോഴിക്കോട്: പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ മറ്റൊരു കോഴ്സിലേക്കോ കോളേജിലേക്കോ മാറുമ്പോൾ ആദ്യം നൽകിയ തുക നഷ്ടമാകുന്നു. തുക തിരികെ നൽകണമെന്ന നിബന്ധനയുണ്ടെങ്കിലും പല കോളേജുകളും ഇത് പാലിക്കുന്നില്ല. സ്വാശ്രയ കോളേജുകളിൽ വൻതുക ഫീസ് നൽകേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ തിരിച്ചടിയാവുകയാണ്.
എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് പഠനത്തിനായി സർക്കാരിൽ നിന്ന് ഇ-ഗ്രാന്‍റ് വഴി സഹായം ലഭിക്കുന്നുണ്ടെങ്കിലും കോളേജ് മാറുമ്പോൾ അത് ലഭിക്കുന്നില്ല. പഠനം പാതിവഴിയിൽ നിർത്തേണ്ടി വരുന്ന അവസ്ഥയാണെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. പ്രൊഫഷണൽ കോളേജ് പ്രവേശനത്തിനുള്ള അലോട്ട്മെന്‍റ് പ്രക്രിയ മാസങ്ങളോളം നീണ്ടുനിൽക്കുകയും ഇത് സാമ്പത്തിക നഷ്ടത്തിനും ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്നും രക്ഷിതാക്കൾ പറയുന്നു. ആഗ്രഹിച്ച കോഴ്സിലും കോളേജിലും അഡ്മിഷൻ കിട്ടുമോ എന്ന് ഉറപ്പില്ലാത്തതിനാൽ, ആദ്യം കിട്ടുന്ന കോളേജിൽ ചേരുകയല്ലാതെ പലർക്കും വേറെ വഴിയില്ല. മൂന്ന് മാസത്തിന് ശേഷം മാത്രമാണ് മറ്റെവിടെയെങ്കിലും അഡ്മിഷൻ ലഭിക്കാൻ അവസരം ലഭിക്കുന്നത്. അടച്ച ഫീസ് തിരികെ ലഭിക്കാത്തതിനാൽ പലരും നേരത്തെ എന്‍റോൾ ചെയ്ത കോഴ്സുമായി മുന്നോട്ട് പോവുകയാണ്. മാറുന്നവർക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്നവർക്ക് ഇത് അധിക ഭാരം സൃഷ്ടിക്കുന്നു.