കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചു. തുടരന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് സാവകാശം തേടുകയും ചെയ്തു.
അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് മുൻ ജയിൽ ഡി.ജി.പി ആർ.ശ്രീലേഖയുടെ മൊഴിയെടുക്കേണ്ടതുണ്ട്. കേസന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തൽ നടത്തിയത്. ഇതിന്റെ പിന്നിലെ കാരണം അന്വേഷിക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
വിചാരണക്കോടതിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും ക്രൈംബ്രാഞ്ചിനുണ്ട്. ഇതിനായി കോടതിയിൽ അപേക്ഷ നൽകും. നേരത്തെ അന്വേഷണ സംഘം ഈ കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുമതി നൽകിയിരുന്നില്ല. എന്നാൽ വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറിയെന്ന ഫോറൻസിക് പരിശോധനയുടെ പശ്ചാത്തലത്തിൽ കോടതി അനുമതി നൽകിയേക്കും.