കൊല്ലം: മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതിൽ കൊല്ലം ഡി.എം.ഒ ഓഫീസിന് ഗുരുതര വീഴ്ച. രോഗിയുടെ പേരിൽ ആദ്യം പുറത്തിറക്കിയ റൂട്ട് മാപ്പിലാണ് പിശക് സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെന്നാണ് ഡിഎംഒ നൽകിയ വിവരം. എന്നാൽ, രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള രണ്ട് പേരെ കണ്ടെത്താനായില്ല.
യു.എ.ഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. 12ന് യു.എ.ഇയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ 35 കാരനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ച സാമ്പിൾ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
എന്നാൽ ഇന്നലെ വൈകുന്നേരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ മുഖേന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഡിഎംഒ പറഞ്ഞത് രോഗം സ്ഥിരീകരിച്ച വ്യക്തി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോയെന്നാണ്. അവിടെ നിന്ന് സാമ്പിളുകൾ ശേഖരിച്ച് വിമാനമാർഗം പൂനെയിലെ ലാബിലേക്ക് അയച്ചതായി ഡിഎംഒ പറഞ്ഞു. പ്രാഥമികമായി വിവരങ്ങൾ ശേഖരിക്കുന്നതിലും രോഗി എവിടെപ്പോയി എന്ന് കണ്ടെത്തുന്നതിലുമാണ് ഓഫീസിന് വലിയ തോതിലുള്ള വീഴ്ച സംഭവിച്ചത്.