വടകര എംഎൽഎ കെകെ രമയ്ക്കെതിരെ നിയമസഭയിൽ അപകീർത്തികരമായ പരാമർശം നടത്തിയ എംഎം മണിയെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എം എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട കാര്യമില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു. മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് എ വിജയരാഘവന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ നിലപാട് സഭയിൽ വ്യക്തമാക്കിയതോടെ പ്രശ്നം അവസാനിച്ചെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
അതേസമയം കെകെ രമയെ നിയമസഭയിൽ അപമാനിച്ച എംഎം മണിക്കെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ രംഗത്തെത്തി. എംഎം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. എം എം മണിയെ നിയന്ത്രിക്കണോ വേണ്ടയോ എന്ന് സി പി എം തീരുമാനിക്കണം. എം എം മണി പ്രസ്താവന പിൻവലിച്ചാൽ അത് കമ്യൂണിസ്റ്റ് നടപടിയാണെന്നും ആനി രാജ പ്രതികരിച്ചു.