Spread the love

തന്‍റെ പരാമർശം തിരുത്താൻ തയ്യാറല്ലെന്ന എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ കെ രമ. അൽപ്പമെങ്കിലും മനുഷ്യത്വം അവശേഷിച്ചിരുന്നെങ്കിൽ എം എം മണി തന്നെ ഇനിയും കുത്തിനോവിക്കാന്‍ മുതിരില്ലായിരുന്നുവെന്ന് രമ പറഞ്ഞു. ഒരു സ്ത്രീക്കും കേട്ടിരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്ത്രീക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാർക്സിസ്റ്റ് കാഴ്ചപ്പാടാണോയെന്നും കെ കെ രമ ചോദിച്ചു.

സി.പി.ഐ(എം) നേതാക്കളുടെ പ്രസ്താവനകൾ തെളിയിക്കുന്നത് ആർ.എം.പിയെ ഇപ്പോഴും ഭയക്കുന്നുണ്ടെന്നാണ്. വായിൽ വന്ന കാര്യങ്ങളാണ് താൻ പറഞ്ഞതെന്ന് എംഎം മണി പറയുന്നു. എന്നാൽ അത് തിരുത്താൻ അദ്ദേഹം തയ്യാറല്ല. തെറ്റുണ്ടെങ്കിൽ, അത് അംഗീകരിക്കുന്നത് ജനാധിപത്യത്തിന്‍റെയും മാനവികതയുടെയും രീതിയാണ്. അപരിഷ്കൃതമായ പ്രസ്താവനകൾ ആവർത്തിക്കുന്നതിന്‍റെ ധാർഷ്ട്യവും ധിക്കാരവും സിപിഐ(എം)ന്‍റെ അപചയത്തെയാണ് കാണിക്കുന്നതെന്ന് കെ കെ രമ പറഞ്ഞു.

രമയ്ക്കെതിരായ പരാമർശത്തിൽ ഖേദമില്ലെന്ന് എം എം മണി പറഞ്ഞിരുന്നു. രമ മുഖ്യമന്ത്രിയെ തേജോവധം ചെയുകയാണ്. നിയമസഭയിൽ അവർ മുഖ്യമന്ത്രിയെ ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തില്‍ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തിനുള്ള മറുപടിയായായിരുന്നു പരാമർശം. രമയ്ക്ക് സഭയിൽ പ്രത്യേക പദവിയില്ല. അപ്പോൾ എന്‍റെ വായിൽ വന്നതു പറഞ്ഞു. രമയോട് പ്രത്യേകിച്ച് വിദ്വേഷമില്ല. അത് ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമർശത്തിൽ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്നും മണി പറഞ്ഞു.

By newsten