കണ്ണൂര്: പേ പിടിച്ച ഒരു അടിമക്കൂട്ടത്തെ ചുറ്റും നിർത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരൻ പിണറായി വിജയനാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. കമ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരു വ്യക്തിയെ എത്രമാത്രം പൈശാചികമായി മാറ്റാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അറുവഷളനായ രാഷ്ട്രീയക്കാരനെന്ന് മണിയുടെ പേര് പരാമർശിക്കാതെ സുധാകരൻ പറഞ്ഞു. ആ ‘നീച ജന്മവും’ കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നതെന്ന് ഓർത്ത് ഓരോ മലയാളിയും തലകുനിക്കുന്നു. ഫേസ്ബുക്കിലൂടെ സുധാകരൻ പ്രതികരിച്ചു.
‘ഭ്രാന്തമായ ഒരു കൂട്ടം അടിമകളെ തന്റെ ചുറ്റും നിർത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ. തന്റെ യഥാർത്ഥ മുഖം പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുമ്പോഴെല്ലാം, കൂട്ടിലിട്ട് വളർത്തുന്ന ഭ്രാന്തൻ നായ്ക്കളെ അദ്ദേഹം മോചിപ്പിക്കുന്നു. നിരായുധരും നിർദോഷികളുമായ മനുഷ്യരെ അവർ ആക്രമിക്കും. ഈ പ്രവൃത്തിയെ ധീരതയായി കാണുകയും അതിന് കൈയടിക്കുകയും ചെയ്യുന്നവർ സി.പി.എമ്മിലുണ്ട്. ഒരുപക്ഷേ ഇത്തരക്കാർ സി.പി.എം എന്ന പാർട്ടിയിൽ മാത്രമേ ഉണ്ടാവൂ’. സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.