കൊച്ചി: പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകല്യത്തിന് ചികിത്സയിലായിരുന്നുവെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആവശ്യമായ ചികിത്സ നൽകണമെന്ന് സത്യവാങ്മൂലം നൽകാൻ ഭാര്യയ്ക്കും പിതാവിനും കോടതി നിർദേശം നൽകി.
തന്റെ അവസ്ഥ പെരുമാറ്റദൂഷ്യമല്ലെന്നും രോഗമാണെന്നും 2016 മുതൽ സ്വഭാവ വൈകല്യത്തിന് ചികിത്സയിലായിരുന്നുവെന്നും ശ്രീജിത്ത് രവി ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. തുടർച്ചയായ ജയിൽവാസം അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കുമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ സമാനമായ സംഭവങ്ങൾ മുമ്പും ആവർത്തിച്ചിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ മെയ് ഏഴിനാണ് ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തൃശൂർ അയ്യന്തോൾ എസ്എൻ പാർക്കിൽ ജൂലൈ നാലിന് വൈകുന്നേരമാണ് സംഭവം. 14 ഉം 9 ഉം വയസ്സുള്ള കുട്ടികളുടെ മുന്നിലാണ് നഗ്നതാ പ്രദർശനം നടത്തിയത്.