കോഴിക്കോട്: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടിന് സമാനമായ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ 19 പഞ്ചായത്തുകളിലായി 33 വീടുകൾ ഭാഗികമായി തകർന്നു. മാവൂരിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് കക്കയം ഡാം മേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. വയനാട്ടിലെ വനമേഖലകളിലൂടെയുള്ള ടൂറിസത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറത്ത് ചാലിയാറും, കൈവഴി പുഴകളും കരകവിഞ്ഞൊഴുകി. തമിഴ്നാട്ടിലെ മലയോര മേഖലകളിൽ കനത്ത മഴ പെയ്യുന്നതാണ് നദികളിലെ ജലനിരപ്പ് ഉയരാൻ കാരണം.