കോഴിക്കോട്: യു.പിയിലെ ലുലു മാള്‍ ഉദ്ഘാടനത്തിനിടെ ടി.എന്‍. പ്രതാപന് എം.പി യോഗി ആദിത്യനാഥിനോട് കൈ കൂപ്പി നമസ്ക്കാരം പറയുന്നതിന്റെ വീഡിയോ വിവാദമാകുന്നതിനിടെ പ്രതിരണവുമായി പ്രതാപന്റെ സ്റ്റാഫ് അംഗം എന്‍.എസ്. അബ്ദുല്‍ ഹമീദ്. എം എ യൂസഫലിയുമായുള്ള സൗഹൃദം കാരണമാണ് ലുലു മാൾ ഉദ്ഘാടനത്തിനെത്തിയതെന്ന് അബ്ദുൾ ഹമീദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ടി.എൻ. പ്രതാപൻ എം.പി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നമസ്തേ പറഞ്ഞതാണ് പലരുടെയും പ്രശ്നം. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സമുച്ചയമായി ഉത്തർപ്രദേശിലെ ലഖ്നൗവിൽ ലുലു മാൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിലേക്ക് ലുലു ഗ്രൂപ്പ് എം.ഡി യൂസഫലിയുടെ സ്നേഹപൂർണമായ ക്ഷണം ടി.എൻ. പ്രതാപൻ എം.പി സ്വീകരിച്ചു.
എറണാകുളത്തും തിരുവനന്തപുരത്തും സ്ഥലം എം.എല്‍.എയോ എം.പിയോ ആകാതെ തന്നെ ലുലു മാളുകളുടെ ഉദ്ഘാടനത്തിന് ടി.എന്‍. പ്രതാപന് ക്ഷണിക്കപ്പെടുന്നത് യൂസുഫലിയുടെ നാടിന്റെ എം.പി എന്ന നിലയിലും അദ്ദേഹത്തിന്റെ സഹോദരന് എം.എ. അഷ്റഫലിയുടെ സഹപാഠി എന്നതില്‍ തുടങ്ങി അവരുടെ ഉമ്മാക്ക് ഏറെ ഇഷ്ടപ്പെട്ട സഹോദരന് എന്ന ആത്മാര്‍ത്ഥ സ്നേഹത്തിന്റെ കാരണം കൊണ്ടുകൂടിയാണെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു
ലക്നൗവിൽ ലുലു ഉദ്ഘാടനം ചെയ്യവേ യൂസഫലി ടി.എൻ പ്രതാപനെ ക്ഷണിക്കുന്നത് അതേ സ്നേഹത്തിന്റെ പുറത്താണ് ഉദ്ഘാടനത്തിനെത്തിയ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പാർലമെന്റ് അംഗം ടി.എൻ.പ്രതാപൻ അഭിവാദ്യം ചെയ്തത് ഭരണഘടനാപദവികൾക്കിടയിലെ മാന്യതയുടെ പുറത്താണ്. അവരിലൊരാൾ ഒരു ജനപ്രതിനിധിയോ ഭരണഘടനാ വ്യക്തിയോ അല്ലായിരുന്നുവെങ്കിൽ അത്തരമൊരു അഭിവാദ്യം അവിടെ കാണില്ലായിരുന്നു. യോഗി വിളിച്ചിട്ട് യു.പിയിലേക്ക് ചെന്നതല്ല ടി.എന്‍. പ്രതാപന് എം.പി.
മുസ്ലിങ്ങളുകളുടെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന് ധര്‍മ സന്‍സദുകളും, സമ്മേളനങ്ങളും നടത്തി കാമ്പയിന് ഓടിക്കുന്ന തീവ്രഹിന്ദുത്വ വാദികള്‍ ടി.എന്‍. പ്രതാപന്റെയും യോഗിയുടെയും പടവുമായി ഓടുന്നത് കണ്ടു. നിങ്ങളുടെ വംശീയ പ്രചാരണങ്ങൾ നടക്കുമ്പോഴാണ്, നിങ്ങളുടെ ഏറ്റവും വലിയ നേതാക്കളിൽ ഒരാൾ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ബിസിനസുകാരന്റെ ഏറ്റവും വലിയ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.