തിരുവനന്തപുരം: എം.എം മണി നിയമസഭയിൽ തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രസംഗത്തിന് മറുപടിയുമായി കെ.കെ രമ എം.എൽ.എ. മണിക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല. കൊന്നിട്ടും അടങ്ങാത്ത പകയാണ്. ഇത് ഖേദകരമാണ്. പരാമർശം തെറ്റാണെന്ന് സ്പീക്കറോ മുഖ്യമന്ത്രി പിണറായി വിജയനോ പറഞ്ഞിട്ടില്ലെന്നും രമ ആരോപിച്ചു.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുക്കവെയാണ് മണി രമയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. “ഒരു സ്ത്രീ ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ, എൽഡിഎഫ് സർക്കാരിനെതിരെ, ഞാൻ പറയാം ആ സ്ത്രീ വിധവയായി പോയി, അവരുടെ വിധി, ഞങ്ങളാരും അതിന് ഉത്തരവാദികളല്ല,” ഭർത്താവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമർശിച്ച്, കെ കെ രമയുടെ പ്രസംഗത്തിന് മറുപടിയായി മണി പറഞ്ഞു.
മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ടിപിയുടെ രക്തം കുടിച്ച് മതിയായില്ലേയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അതേസമയം, മണിയുടെ പ്രസംഗത്തിൽ തെറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എം എം മണിയുടെ പ്രസംഗം താൻ കേട്ടിരുന്നുവെന്നും അവർ വിധവയായതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.