തിരുവനന്തപുരം : ട്രാൻസ്ജെൻഡറുകൾക്ക് അവരുടെ ഇഷ്ടാനുസരണം പുരുഷനോ സ്ത്രീയോ ആക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇതിനായി കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
ശസ്ത്രക്രിയ സൗജന്യമാക്കാനുള്ള തീരുമാനം മെഡിക്കൽ കോളേജ് തലത്തിൽ മാത്രം തീരുമാനിക്കാനാവില്ലെന്ന് ആരോഗ്യ ഡയറക്ടർ അറിയിച്ചു. ഇതിനായി ഫണ്ട് ലഭ്യമാക്കാൻ കമ്മിഷൻ ചീഫ് സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കും ഉത്തരവ് നൽകിയിട്ടുണ്ട്. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി സെപ്റ്റംബർ 12നകം അറിയിക്കണമെന്നും കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് വർഷം മുമ്പ് ആരംഭിച്ച ട്രാൻസ്ജെൻഡർ ക്ലിനിക്ക് പ്രവർത്തനക്ഷമമല്ലെന്ന് കാണിച്ച് നൽകിയ പരാതിയിലാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറിൽ നിന്നാണ് കമ്മീഷന് റിപ്പോർട്ട് ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി, സൈക്യാട്രി, പ്ലാസ്റ്റിക് സർജറി, എൻഡോക്രൈനോളജി വിഭാഗത്തിലെ ഡോക്ടർമാർ ട്രാൻസ്ജെൻഡറുകൾക്ക് ആവശ്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.