ന്യൂഡൽഹി: പാർലമെന്റിൽ 65 വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയതിൽ വിശദീകരണവുമായി ലോക്സഭാ സ്പീക്കർ ഓം ബിർള. പാർലമെന്റിൽ വാക്കുകൾ നിരോധിക്കുന്നത് ഒരു പുതിയ നടപടിയല്ലെന്നും 1959 മുതൽ തുടരുന്ന സമ്പ്രദായമാണിതെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ പ്രയോഗിക്കാൻ പാടില്ലാത്ത പദങ്ങൾ ഉൾപ്പെടുത്തി പുസ്കത രൂപത്തിൽ ഇറക്കാറുണ്ട്. പേപ്പർ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തവണ ഇത് ആദ്യമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതൊരു പുതിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഴിമതി, അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം തുടങ്ങി അറുപത്തഞ്ചോളം വാക്കുകളാണ് സർക്കാർ പുതിയതായി ‘അൺപാർലമെന്ററി’യായി പ്രഖ്യാപിച്ചത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി സ്പീക്കർ രംഗത്തെത്തിയത്.