കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് പരിശോധനാ ഫലം നിർണ്ണായകമായി. ഹാഷ് വാല്യൂ മൂന്ന് തവണ മാറിയതായി പരിശോധനയിൽ സ്ഥിരീകരിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നായിരുന്നു എഫ്എസ്എൽ പരിശോധനയിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിൽ നിന്ന് സർട്ടിഫിക്കറ്റില്ലാത്ത ചില കോടതി രേഖകൾ കണ്ടെത്തിയ സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് നേരത്തെ ഉന്നയിച്ചിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന നിലപാടാണ് വിചാരണക്കോടതി സ്വീകരിച്ചത്.