Spread the love

കാലാവസ്ഥാ വ്യതിയാനം മൂലം സ്കോട്ട്ലൻഡിലെ അപൂർവ ആർട്ടിക്-ആൽപൈൻ സസ്യങ്ങളും വംശനാശ ഭീഷണിയിൽ.സ്‌നോ പേള്‍വോര്‍ട്ട് (Snow pearlwort), ഡ്രൂപ്പിങ് സാക്‌സിഫ്രാഗ് (drooping saxifrage), മൗണ്ടെയ്ന്‍ സാന്‍ഡ്‌വോര്‍ട്ട് (mountain sandwort) തുടങ്ങിയ സപുഷ്പി സസ്യങ്ങളാണ് ഭീഷണി നേരിടുന്നത്. ആർട്ടിക്-ആൽപൈൻ സസ്യങ്ങൾ ആർട്ടിക് പോലുള്ള ഉയർന്ന പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലും കാണപ്പെടുന്നു. മഞ്ഞുരുകുന്നത് അവയ്ക്ക് വളരാൻ അനുകൂലമായ കാലാവസ്ഥയെയും ഇല്ലാതാക്കുന്നു. രാജ്യത്തെ ബെൻ ലാവേഴ്‌സ് പർവതനിരയുടെ ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ, അവയുടെ എണ്ണത്തിൽ ഇതിനകം ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റെർലിംഗ് സർവകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.

മഞ്ഞ് അമിതമായി ഉരുകുന്നത് താഴ്ന്ന പ്രദേശങ്ങളിലെ സസ്യങ്ങളെ ഉയർന്ന പ്രദേശങ്ങളിൽ കണ്ടെത്താൻ സാഹചര്യമുണ്ടാക്കുന്നു. ഇത്തരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വളരുന്ന സസ്യങ്ങളും അപൂർവ ആൽപൈൻ സസ്യങ്ങൾക്ക് ഭീഷണിയാണ്. യൂറോപ്പിന്‍റെ തെക്കൻ ഭാഗത്ത് മാത്രം കാണപ്പെടുന്ന ഒരു സസ്യമാണ് സ്നോ പേൾവോർട്ട്. ബ്രിട്ടനിൽ സ്നോ പേൾവോർട്ട് കാണപ്പെടുന്ന ഏക പ്രദേശം കൂടിയാണിത്.

1990 കളുടെ മധ്യം മുതൽ, സ്നോ പേൾവോർട്ട് സസ്യങ്ങളുടെ എണ്ണത്തിൽ 66 ശതമാനം കുറവുണ്ടായി. ഇതോടെ, ബൊട്ടാണിക്കൽ സൊസൈറ്റി ഓഫ് ബ്രിട്ടൺ ആൻഡ് അയർലൻഡ് (ബിഎസ്ബിഐ) സസ്യത്തെ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ഒരു വിഭാഗത്തിലേക്ക് മാറ്റി. പഠനത്തില്‍ ഡ്രൂപ്പിങ് സാക്‌സിഫ്രാഗ്, മൗണ്ടെയ്ന്‍ സാന്‍ഡ്‌വോര്‍ട്ട് തുടങ്ങിയ സസ്യങ്ങളുടെ എണ്ണത്തിലും 50 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഹോർട്ടികൾച്ചറിസ്റ്റുകളുടെ സഹായത്തോടെ സ്കോട്ടിഷ് സസ്യങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.

By newsten