Spread the love

യുക്രൈനിലെ റഷ്യയുടെ അധിനിവേശം ലോകമെമ്പാടും അസ്വസ്ഥത സൃഷ്ടിച്ചതായി വ്‌ളോഡിമിര്‍ സെലന്‍സ്‌കി. ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം റഷ്യ ഭക്ഷ്യ ഉൽപ്പന്നങ്ങൾ തടഞ്ഞതാണ്. നിലവിലെ പ്രതിസന്ധി കാരണം ഭക്ഷ്യ, ഇന്ധന ക്ഷാമം നേരിടുന്ന രാജ്യങ്ങളിൽ സ്ഥിതി അവതാളത്തിലാണ്. ഇത് റഷ്യയുടെ അജണ്ടയ്ക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയയിലെ സിയോളിൽ ഏഷ്യൻ നേതാക്കളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സെലൻസ്കി.

“ഇത് ഞങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഒരു ഉദാഹരണം നോക്കൂ- ശ്രീലങ്കയിലെ സംഭവങ്ങള്‍. ഞെട്ടിപ്പിക്കുന്ന ഭക്ഷ്യ, ഇന്ധന വിലക്കയറ്റം ഒരു സാമൂഹിക വിസ്‌ഫോടനത്തിലേക്ക് നയിച്ചു. ഇതെങ്ങനെ അവസാനിപ്പിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ല. എന്നിരുന്നാലും ഭക്ഷ്യ, ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലും സമാനമായ പൊട്ടിത്തെറി സാധ്യമാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം” സെലൻസ്കി പറഞ്ഞു.

ശ്രീലങ്കയിലെ ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയും ഭക്ഷണമോ ഇന്ധനമോ ഇല്ലാതെ വലയുകയും ചെയ്യുന്നു. ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ തെറ്റായ മനോഭാവമാണ് ജനങ്ങളെ തെരുവിലേക്ക് എത്തിച്ചത്. രാജ്യത്തിന്‍റെ ഭരണസംവിധാനത്തിൽ ഘടനാപരമായ തിരുത്തലുകൾ അനിവാര്യമാണെന്ന് ശ്രീലങ്കൻ ജനത സ്ഥാപിക്കുകയാണ്. നേതാവോ നേതൃത്വമോ ഇല്ലാതെ ശ്രീലങ്കയിലുടനീളം വ്യാപിച്ച പ്രക്ഷോഭം തണുപ്പിക്കണമെങ്കിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഭാഗികമായെങ്കിലും പരിഹരിക്കേണ്ടതുണ്ട്.

By newsten