ലക്നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ പിപ്രദേവറയില് ബിജെപി എംഎൽഎ ജയ് മംഗൾ കനോജിയയെയും മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് കൃഷ്ണ ഗോപാൽ ജയ്സ്വാളിനെയും ചെളിവെള്ളത്തിൽ കുളിപ്പിച്ച് പ്രദേശത്തെ സ്ത്രീകൾ. മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താൻ ആയിരുന്നു വിചിത്ര ആചാരം. ഇരുവരെയും ചെളിയിൽ കുളിപ്പിച്ച ശേഷം, ഇപ്പോൾ ഇന്ദ്രൻ സന്തുഷ്ടനായിരിക്കുമെന്നും നഗരത്തെ മഴകൊണ്ട് അനുഗ്രഹിക്കുമെന്നും സ്ത്രീകൾ പറഞ്ഞു.
കടുത്ത ചൂട് കാരണം ആളുകൾ ബുദ്ധിമുട്ടിലാണെന്നും അതിനാലാണ് ചടങ്ങിൽ പങ്കെടുക്കാൻ സമ്മതിച്ചതെന്നുമായിരുന്നു എം.എൽ.എയുടെ പ്രതികരണം. ‘ഈ കാലാവസ്ഥയിൽ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. വിളകൾ ഉണങ്ങുന്നു. ഇത് ഒരു പഴയ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ആചാരമാണ്. അതിന്റെ ഭാഗമാകാൻ ഞങ്ങൾ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു.
കിഴക്കൻ ഉത്തർ പ്രദേശിലെ ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നത് മഴദൈവമായ ഇന്ദ്രനെ ഒരാളുടെമേൽ ചെളി വാരിയെറിയുകയോ ചെളിയിൽ കുളിപ്പിക്കുകയോ ചെയ്ത് പ്രീതിപ്പെടുത്താൻ കഴിയുമെന്നാണ്.