തിരുവനന്തപുരം: ഇന്നലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസംഗത്തിനെതിരെ പ്രതികരണവുമായി മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ. കഴിഞ്ഞ ദിവസം നിയമസഭയിൽ വി ഡി സതീശൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം.
ആർ.എസ്.എസിന്റെ പിന്തുണയോടെ ഈ നിയമസഭയ്ക്കുള്ളിൽ ഏതെങ്കിലും യു.ഡി.എഫ് അംഗം എത്തിയിട്ടുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇതിന് മറുപടിയെന്നോണം മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. പ്രതിപക്ഷ നേതാവിന് തൊട്ടുപിറകിലിരിക്കുന്ന വിഷ്ണുനാഥ് എങ്ങനെയാണ് നിയമസഭയിലെത്തിയതെന്ന് മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.
ആർഎസ്എസുകാരുടെ പിന്തുണയോടെയാണ് വി ഡി സതീശൻ രണ്ട് തവണ നിയമസഭ കണ്ടതെന്ന് ആർഎസ്എസ് പ്രവർത്തകൻ ആർ വി ബാബു തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഇതിന് മറുപടി പറയാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. അതിന്റെ ഭാഗമായാണ് കള്ളക്കഥകൾ ഉയർത്തി സഭയ്ക്കുള്ളിൽ പ്രകടനം നടത്തിയതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.